
കോഴിക്കോട്: ഷിഗല്ല രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഓപ്പറേഷൻ ക്ലീൻ കേരള” പരിശോധനകൾ പുരോഗമിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, റസ്റ്റോറന്റുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവിടങ്ങളിൽ 580 പരിശോധനകളാണ് നടത്തിയത്.പരിശോധനയിൽ ചെറിയ ന്യൂനതകൾ കണ്ടെത്തിയ 87 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകി. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 51 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും നൽകി. കൂടാതെ 229 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു. അഞ്ച് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും ആരോഗ്യവകുപ്പ് അധികൃതർ നൽകി.ഷിഗല്ല രോഗവ്യാപനം തടയുന്നതിനായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കണമെന്നും, സാലഡുകൾ, മസാല ചട്നികൾ, കൃത്യമായി പാകം ചെയ്യാത്ത ഭക്ഷണങ്ങൾ, മയോണൈസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടുക, ഭക്ഷണം കഴിക്കുന്നതിന് മുൻപും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ നന്നായി കഴുകുക, ശൗചാലയങ്ങൾ ശുചിയായി സൂക്ഷിക്കുക, കുടിവെള്ള സ്രോതസ്സുകളായ കിണറുകളും വാട്ടർ ടാങ്കുകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ മുന്നോട്ടുവച്ചു.”നമുക്കൊന്നായി മുന്നേറാം, ഈ സാഹചര്യം അതിജീവിക്കാം” എന്ന സന്ദേശത്തോടെയാണ് ആരോഗ്യവകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ അഭ്യർഥിച്ചിരിക്കുന്നത്.
