
കോഴിക്കോട്: പ്രധാന നഗരകേന്ദ്രങ്ങളിൽ ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനും ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ എത്തിച്ച് ചില്ലറ വിൽപന നടത്തിയിരുന്ന എട്ട് യുവാക്കളെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി (22), മലപ്പുറം അരീക്കോട് കീഴ്പറമ്പ് സ്വദേശി ജിഫ്രി അൽഹാസ് (22), കിരാലൂർ കിഴക്കുമുറി സ്വദേശി മുഹമ്മദ് റഷ്ദാൻ (22), സൗത്ത് ബീച്ച് പരപ്പിൽ സ്വദേശികളായ മുഹമ്മദ് (30), ദിയ മുഹമ്മദ് ബഹ്ബഹാനി (22), മുഹമ്മദ് നാസ് (24), കല്ലായി ഫ്രാൻസിസ് റോഡ് സ്വദേശി മുഹമ്മദ് ഷഹാദുൽ അഫം (25), നടക്കാവ് സ്വദേശി മുഹമ്മദ് അൻഷാദ് (26) എന്നിവരാണ് പിടിയിലായത്.പന്തീരാങ്കാവ് എസ്.ഐയും സംഘവും നടത്തിയ രാത്രി പട്രോളിംഗിനിടെയാണ് പ്രതികളെ പിടികൂടിയത്. പാലാഴി ഹൈലൈറ്റ് മാളിന് സമീപത്തെ പാൽക്കമ്പനി ഹൈസ്കൂൾ റോഡിലുള്ള സഹദേവൻ വാടകയ്ക്ക് നൽകിയ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്.വീട്ടിലെ ഹാളിലെ കട്ടിലിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താംഫിറ്റമിനും പൊലീസ് പിടിച്ചെടുത്തു. കൂടാതെ ലഹരി വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന ഒൻപത് സിപ്പ്-ലോക്ക് കവറുകൾ, 124 ചെറിയ ബോട്ടിലുകൾ, ലഹരി ഉപയോഗിക്കാനുള്ള മൂന്ന് ബർണർ പൈപ്പുകൾ, പത്തോളം മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തു.ലഹരിമരുന്ന് വിൽപനയിലൂടെ ലഭിച്ചതെന്നാണ് സംശയിക്കുന്ന 88,000 രൂപയും പൊലീസ് പിടിച്ചെടുത്തു. ലഹരിവിൽപനയിൽ നിന്ന് ലഭിച്ച പണം പ്രതികൾ ആഡംബര ജീവിതത്തിനും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനുമായി ചെലവഴിച്ചിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.അറസ്റ്റിലായ മുഹമ്മദ് ഷഹാദുൽ അഫത്തിനെതിരെ നടക്കാവ്, വെള്ളയിൽ പൊലീസ് സ്റ്റേഷനുകളിൽ ആക്രമണക്കേസും ബീച്ച് ആശുപത്രിക്ക് മുൻവശത്തെ സെന്റ് മേരീസ് ലാബിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ തീയിട്ട് നശിപ്പിച്ച കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മുഹമ്മദ് എന്ന പ്രതിക്കെതിരെ ടൗൺ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിലായി ലഹരിമരുന്ന് ഉപയോഗിച്ചതിനും എം.ഡി.എം.എ വിൽപനയ്ക്കായി കൈവശം സൂക്ഷിച്ചതിനും കേസുകളുണ്ട്. ദിയ മുഹമ്മദ് ബഹ്ബഹാനിക്കെതിരെയും ടൗൺ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എട്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
