
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചിരുന്ന അഗ്നിരക്ഷാ സേനയുടെ അവസാന യൂണിറ്റും തിങ്കളാഴ്ച മുതൽ മീഞ്ചന്ത സ്റ്റേഷനിലേക്ക് മാറ്റും. ഇതോടെ ബീച്ച് അഗ്നിരക്ഷാ നിലയത്തിലെ പ്രവർത്തനം പൂർണമായും അവസാനിക്കും.2023-ൽ കാലപ്പഴക്കം മൂലം ബീച്ച് സ്റ്റേഷന്റെ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ടില്ല. ആദ്യം 17 കോടി രൂപ വകയിരുത്തിയ പദ്ധതി പിന്നീട് 21 കോടിയായി പുതുക്കിയെങ്കിലും നിർമാണം ഇനിയും ആരംഭിക്കാത്തത് ആശങ്ക ഉയർത്തുകയാണ്.ബീച്ചിലുണ്ടായിരുന്ന എട്ട് യൂണിറ്റുകളിലെ അഗ്നിരക്ഷാ സേനാംഗങ്ങളെയും ഫയർ എൻജിനുകളെയും വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയിരുന്നു. ശേഷിച്ച രണ്ട് യൂണിറ്റുകൾ പഴയ ക്വാർട്ടേഴ്സിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇവയും ഇനി മീഞ്ചന്തയിലേക്ക് മാറ്റുന്നതോടെയാണ് ബീച്ച് സ്റ്റേഷൻ പൂർണമായും ഒഴിവാകുന്നത്.ഇതോടെ കോഴിക്കോട് നഗരപരിധിയിൽ അടിയന്തര അഗ്നിരക്ഷാ സേവനങ്ങൾ ലഭിക്കാൻ മീഞ്ചന്തയിൽ നിന്ന് ഫയർ എൻജിനുകളും സേനാംഗങ്ങളും എത്തേണ്ട സാഹചര്യമാകും. നഗരത്തിലേക്ക് അഗ്നിരക്ഷാ സേന എത്താൻ ഇനി കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും അധികസമയം വേണ്ടിവരുമെന്ന ആശങ്കയാണ് ഉയരുന്നത്.
