
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലെ ആറുവരി പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം കർശനമായി നടപ്പാക്കാൻ തീരുമാനം. ബൈപ്പാസിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി ശക്തമാക്കുന്നത്.നിരോധനം സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ ഇപ്പോഴും പാത ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ദേശീയപാത അതോറിറ്റിയും പോലീസും ചേർന്ന് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.ഉയർന്ന വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ആറുവരി പാതയിൽ ഓവർടേക്ക് ലെയിനുകളിലൂടെ ഇരുചക്രവാഹനങ്ങൾ യാത്ര ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി അധികൃതർ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.ബൈപ്പാസിലെ വിവിധ പ്രവേശന കേന്ദ്രങ്ങളിൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും യാത്രക്കാർ നിർദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്നും ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു.
