
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലും എലത്തൂരിലും നടത്തിയ പ്രത്യേക പരിശോധനകളിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. കസബ, എലത്തൂർ പൊലീസ് സ്റ്റേഷനുകളിലെ സംഘങ്ങളും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ശനിയാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ 19 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെയാണ് കസബ പൊലിസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാർ സ്വദേശികളായ ഷിബിലി റഹ്മാൻ, സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്. ഷിബിലി റഹ്മാൻ നേരത്തെയും ലഹരിമരുന്ന് കേസിൽ പ്രതിയായിരുന്നുവെന്നും അന്ന് പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു.അതേസമയം, മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് വാഹിദിനെ ഒന്നര ഗ്രാം എം.ഡി.എം.എയുമായി എലത്തൂർ പൊലിസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. വാഹന പരിശോധനയ്ക്കിടെയായിരുന്നു ഇയാൾ കുടുങ്ങിയത്.മുൻപ് ലഹരിമരുന്ന് കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന മുഹമ്മദ് വാഹിദ് ജയിൽ മോചിതനായ ശേഷവും ലഹരി വിൽപ്പന തുടരുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇരുകേസുകളിലും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
