
കോഴിക്കോട്: സാമൂഹിക ക്ഷേമ പെൻഷൻ അപേക്ഷകളിൽ കാലതാമസം സംഭവിച്ചതിനെ തുടർന്ന് കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ അഡീഷനൽ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനം. വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ യഥാസമയം പരിഗണിക്കാതെ കെട്ടിക്കിടത്തിയത് സാധാരണക്കാരോടുള്ള അനീതിയാണെന്ന് മേയർ ഒ. സദാശിവൻ പറഞ്ഞു.ബേപ്പൂർ മേഖല കാര്യാലയത്തിൽ നിന്നുള്ള നിരവധി അപേക്ഷകൾ അഡീഷനൽ സെക്രട്ടറിയുടെ അനുമതിക്കായി കാത്തുകിടക്കുകയാണെന്ന് കൗൺസിലർ സി.പി. സലീം യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ, കമ്പ്യൂട്ടർ സംവിധാനത്തിൽ നടപടിക്രമം പൂർത്തിയാക്കാൻ മറന്നതാണ് കാലതാമസത്തിന് കാരണമായതെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.ഇത്തരം അലംഭാവം അംഗീകരിക്കാനാകില്ലെന്നും ക്ഷേമപെൻഷൻ പോലുള്ള ജനങ്ങളുടെ അവകാശപരമായ കാര്യങ്ങളിൽ വീഴ്ച വരുത്തുന്നത് ഗുരുതരമായ പ്രശ്നമാണെന്നും മേയർ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കർശന നിർദേശവും നൽകി.കൗൺസിൽ യോഗത്തിൽ നഗരത്തിലെ വിവിധ പൊതുപ്രശ്നങ്ങളും ചർച്ചയായി. ചെറുവണ്ണൂർ മേൽപ്പാലം നിർമ്മാണം വൈകുന്നതിനെ തുടർന്നുള്ള ഗതാഗതക്കുരുക്ക്, കുടിവെള്ള വിതരണം, തെരുവുനായ ശല്യം, പയ്യാനക്കൽ കളിസ്ഥലം എന്നിവയിൽ അടിയന്തര ഇടപെടൽ വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ബിഗ് സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ക്ലബുകളിൽ നിന്നും സ്വകാര്യ കമ്പനികൾ ഫീസ് ഈടാക്കുന്നതിനെതിരെയും കൗൺസിൽ അംഗങ്ങൾ പ്രതിഷേധമുയർത്തി. ഇത്തരമൊരു ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
