
ഖത്തറിലെ റാസ് ലഫാൻ എൽ.എൻ.ജി കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച വടകര തൂണേരി സ്വദേശിയായ അർജുൻ (27)ന് ജന്മനാട് വികാരനിർഭരമായ വിട നൽകി. കരിപ്പൂർ വിമാനത്താവളത്തിൽ പുലർച്ചെ എത്തിച്ച മൃതദേഹം പിന്നീട് തൂണേരിയിലെ വീട്ടിലെത്തിച്ച് രാവിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.മഴയെ അവഗണിച്ച് നൂറുകണക്കിന് നാട്ടുകാർ അർജുന്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖം കണ്ട് പ്രദേശം മുഴുവൻ കണ്ണീരിലാഴ്ന്നു. ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.സംസ്കാരത്തിന് ശേഷം പഞ്ചായത്ത് നേതൃത്വത്തിൽ അനുശോചന യോഗവും നടന്നു. അർജുൻ കഴിഞ്ഞ കുറേ വർഷങ്ങളായി ഗൾഫ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. അടുത്തിടെ ഖത്തറിലെ പ്ലാന്റിൽ സൂപർവൈസറായി ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ നിരവധി വിദേശ തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അർജുന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തി.
