ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ജൂണിൽ 166 രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ്.

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ബുധനാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏക ഷിഗെല്ല കേസാണിത്. ഇതോടെ രോഗവ്യാപനത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.സംസ്ഥാനത്ത് ജൂൺ മാസത്തിൽ ഇതുവരെ 166 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന് ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ആകെ 242 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ്. നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഷിഗെല്ല വ്യാപനത്തെ തുടർന്ന് ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം കോഴിക്കോട് 58, മലപ്പുറം 24, വയനാട് 22, തിരുവനന്തപുരം 17, തൃശൂർ 12, കണ്ണൂർ 11, കൊല്ലം 10, ഇടുക്കി 3, എറണാകുളം 3, പാലക്കാട് 3, ആലപ്പുഴ 3 കേസുകൾ റിപ്പോർട്ട് ചെയ്തു.രോഗവ്യാപനം തടയുന്നതിനായി കുടിവെള്ള ശുചിത്വം ഉറപ്പാക്കാനും ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *