
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് സ്വകാര്യ ബസുകൾക്ക് ഉണ്ടായ വരുമാന നഷ്ടവും ഇന്ധനവില വർധന മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജൂലൈ 2ന് കലക്ടറേറ്റ് മാർച്ചും നിരാഹാര സത്യാഗ്രഹവും സംഘടിപ്പിക്കുന്നു.വ്യാഴാഴ്ച രാവിലെ 10.30ന് എരഞ്ഞിപ്പാലം സരോവരം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് കോഴിക്കോട് കലക്ടറേറ്റിൽ സമാപിക്കും. തുടർന്ന് കലക്ടറേറ്റ് പടിക്കൽ നിരാഹാര സത്യാഗ്രഹം നടക്കും.സ്വകാര്യ ബസ് മേഖലയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് അസോസിയേഷൻ അറിയിച്ചു. ജില്ലയിലെ മുഴുവൻ ബസുടമകളും സമരത്തിൽ സജീവമായി പങ്കെടുക്കണമെന്ന് പ്രസിഡൻറ് കെ.ടി. വാസുദേവനും സെക്രട്ടറി ടി.കെ. ബീരാൻകോയയും അഭ്യർഥിച്ചു.സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മഹബൂബ് എം. പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
