
കോഴിക്കോട്: ദേശീയപാതയിൽ പന്തീരാങ്കാവ് സമീപത്തെ ഇരിങ്ങല്ലൂർ ടോൾ പ്ലാസയിൽ ടോൾ നൽകാതെ കടന്നുപോകാൻ ശ്രമിച്ച കാർ തടയുന്നതിനിടെ ടോൾ പ്ലാസ ജീവനക്കാരന് പരിക്കേറ്റു.ഇരിങ്ങല്ലൂർ സ്വദേശിയായ മമ്മിളിത്തടത്തിൽ മേത്തൽ ജിതേഷിനാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം.ടോൾ പ്ലാസയിലെത്തിയ കാർ ടോൾ അടയ്ക്കാതെ കടന്നുപോകാൻ ശ്രമിച്ചതായാണ് വിവരം. ഇത് തടയാൻ ജീവനക്കാരൻ ശ്രമിക്കുന്നതിനിടെ കാർ പെട്ടെന്ന് മുന്നോട്ടെടുത്തതോടെ ജിതേഷ് വാഹനത്തിന്റെ മുൻഭാഗത്ത് കുടുങ്ങി. തുടർന്ന് അൽപദൂരം ജീവനക്കാരനെ വലിച്ചിഴച്ചുകൊണ്ടാണ് കാർ മുന്നോട്ട് പോയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.ശബ്ദം കേട്ട് മറ്റ് ജീവനക്കാർ ഓടിയെത്തി വാഹനം തടഞ്ഞതോടെ കാർ യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി.സംഭവത്തിന് പിന്നാലെ കാർ യാത്രക്കാർ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായി ആരോപിച്ച് പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി. അതേസമയം, ടോൾ പ്ലാസ അധികൃതരും ജീവനക്കാരനെ അപകടത്തിലാക്കിയ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇരു പരാതികളും സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും പന്തീരാങ്കാവ് പോലീസ് അറിയിച്ചു.
