
കോഴിക്കോട്: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഡെങ്കിക്കെതിരെ ഒരു ഗോള്‍’ ഉറവിട നശീകരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി നിര്‍വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് അധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ അഫ്സല് പ്രതിജ്ഞ ചൊല്ലി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് ലുക്മാന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി ഗിരീഷ് കുമാര്‍, പ്രധാനാധ്യാപിക സി ഷീന, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍ സുരേന്ദ്രന്, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫീസര്‍ കെ പി റിയാസ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സി വിനയ രാമചന്ദ്രന്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹസിന്, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് ഷഹര്‍ബാനു, സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ഹരി, ആരോഗ്യകേരളം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് സി ദിവ്യ, പി.ടി.എ വൈസ് പ്രസിഡന്റ് റീമാ ഷിജോ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികളും അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും ചടങ്ങില്‍ സജീവമായി പങ്കെടുത്തു.ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും അടുത്ത ദിവസങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. വെള്ളിയാഴ്ച സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച ഓഫീസുകളിലും, ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും.ഡെങ്കിപ്പനി പ്രതിരോധത്തിന് കരുതല്ഈഡിസ് കൊതുകുകള്‍ ചെറിയ അളവിലുള്ള നില്ക്കുന്ന വെള്ളത്തിലാണ് മുട്ടയിട്ട് വളരുന്നത്. വീട്ടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാവുന്ന പാത്രങ്ങള്‍, ചിരട്ടകള്‍, പഴയ ടയറുകള്‍, ഫ്രിഡ്ജ് ട്രേകള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. ആഴ്ചയില്‍ ഒരിക്കല്‍ ഉറവിട നശീകരണം നടത്തുന്നത് അത്യാവശ്യമാണ്.പനി, തലവേദന, കണ്ണിന് പിന്നിലെ വേദന, പേശി-സന്ധിവേദന, ശരീരത്ത് പാടുകള്‍ തുടങ്ങിയവ ഡെങ്കിയുടെ പ്രധാന ലക്ഷണങ്ങളാണ്. ഗുരുതര ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് അധികൃതര്‍ അറിയിച്ചു.
