
കോഴിക്കോട്: വയനാട്ടിലേക്കുള്ള പ്രധാന കവാടമായ കോഴിക്കോട്–മൈസൂർ ദേശീയപാതയിലെ താമരശ്ശേരി ചുരത്തിന്റെ ആറാം വളവ് വീണ്ടും അപകടക്കെണിയായി മാറുന്നതായി യാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നു. ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ മേഖലയിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്.പ്രത്യേകിച്ച് ആറാം വളവിൽ മതിയായ കൈവേലികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്തത് വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ കൊക്കയിലേക്ക് പതിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിലായി നിരവധി വാഹനങ്ങളാണ് ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടതും ചിലത് കൊക്കയിലേക്ക് മറിഞ്ഞതും.മാറിമാറി വന്ന സർക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും പ്രശ്നം പരിഹരിക്കാൻ സ്ഥിരമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ചുരത്തിൽ ഗതാഗതം വർധിച്ച സാഹചര്യത്തിൽ അപകടസാധ്യതയേറിയ ഭാഗങ്ങളിൽ ശക്തമായ സംരക്ഷണഭിത്തികളും കൈവേലികളും സ്ഥാപിക്കണമെന്ന് യാത്രക്കാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.വിനോദസഞ്ചാരികളുടെയും ചരക്കുവാഹനങ്ങളുടെയും പ്രധാന പാതയായ താമരശ്ശേരി ചുരത്തിൽ സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്തിയില്ലെങ്കിൽ ഭാവിയിൽ വലിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് പ്രദേശവാസികൾ നൽകുന്നത്
