താമരശ്ശേരി ചുരത്തിൽ ഇന്നും ഹെവി ബ്ലോക്ക്; നിയന്ത്രണമില്ലാതെ മൾട്ടി ആക്സിൽ വാഹനങ്ങൾ, യാത്രക്കാർ ദുരിതത്തിൽ

താമരശ്ശേരി: വയനാട്-കോഴിക്കോട് ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം പാതയിൽ ഇന്നും രൂക്ഷമായ ഗതാഗതക്കുരുക്ക്. അടിവാരം മുതൽ മുകളിലേക്ക് നീണ്ടുനിൽക്കുന്ന വാഹനനിരയാണ് രൂപപ്പെട്ടിരിക്കുന്നത്. ഒന്നാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസ് എത്താൻ പോലും ഒരു മണിക്കൂറിലധികം സമയം വേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.മിനിഞ്ഞാന്ന് ജില്ലാ കളക്ടർ ചുരം പാതയിലെ ഗതാഗത നിയന്ത്രണം ശക്തമാക്കാൻ താമരശ്ശേരി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും മൾട്ടി ആക്സിൽ വാഹനങ്ങളുടെ പ്രവേശനം യഥേഷ്ടം തുടരുന്നതായി യാത്രക്കാരും ഡ്രൈവർമാരും ആരോപിക്കുന്നു.ചുരം പാതയിലെ ഗതാഗത നിയന്ത്രണത്തിനായി ആവശ്യമായ രീതിയിൽ പോലീസ് സാന്നിധ്യം ഇല്ലെന്ന പരാതിയും ശക്തമാണ്. പെരുന്നാൾ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായിരിക്കുകയാണ്.അധികൃതർ അടിയന്തരമായി ഇടപെട്ട് മൾട്ടി ആക്സിൽ വാഹനങ്ങളുടെ നിയന്ത്രണം ഉറപ്പാക്കുകയും ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *