നിപ പ്രതിരോധം ശക്തം; പുതിയ കേസുകളില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട്: ജില്ലയിൽ റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.നിപ സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയും ആശുപത്രിയിലെ സൗകര്യങ്ങളും പരിശോധിച്ചു. രോഗിയുടെ ചികിത്സയ്ക്കായി ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.രോഗിക്ക് റിബാവറിൻ മരുന്നും മോണോക്ലോണൽ ആന്റിബോഡി ചികിത്സയും നൽകിവരികയാണ്. കൂടാതെ വിദേശത്തുനിന്ന് എത്തിച്ച പ്രത്യേക മരുന്നിന്റെ ആദ്യ ഡോസും നൽകിയിട്ടുണ്ട്. രോഗിയുടെ ആരോഗ്യനില ആരോഗ്യ വകുപ്പ് നിരന്തരം നിരീക്ഷിച്ചുവരികയാണ്.ഇതിനിടെ, ഐസിഎംആറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം രാമനാട്ടുകര ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രോഗിയുടെ വീടും സന്ദർശിച്ച സ്ഥലങ്ങളും വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളും പരിശോധിച്ച സംഘം പ്രതിരോധ നടപടികൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

#NipahVirus #Kozhikode #KeralaHealth #NipahUpdate #BreakingNews #MalabarJagrathaNewsLive

Leave a Reply

Your email address will not be published. Required fields are marked *