
ഡെറാഡൂൺ: നീറ്റ് പരീക്ഷാ തയ്യാറെടുപ്പിനിടെയുണ്ടായ മാനസിക സമ്മർദത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ 23കാരി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ഡെറാഡൂണിലെ ചന്ദ്രമണി കോളനിയിൽ താമസിച്ചിരുന്ന റിയ കുമാരി താപയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.മാതാപിതാക്കൾക്കായി എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ “ഐ ലവ് യു മമ്മി, പാപ്പ. ഇതിൽ ആർക്കും പങ്കില്ല” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിനായി വിളിക്കാനെത്തിയ അമ്മയ്ക്ക് വാതിൽ തുറക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ വാതിൽ ബലമായി തുറന്നപ്പോഴാണ് റിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, നീറ്റ് പരീക്ഷയിൽ മുൻ ശ്രമങ്ങളിൽ വിജയം നേടാനാകാതിരുന്നതിന്റെ നിരാശയും മാനസിക സമ്മർദവും യുവതിയെ അലട്ടിയിരുന്നുവെന്ന് കണ്ടെത്തി. റിയയുടെ പിതാവ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികനാണെന്നും അധികൃതർ അറിയിച്ചു.സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. പ്രാഥമിക നിഗമനം ആത്മഹത്യയാണെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്..
