
കോഴിക്കോട് ജില്ലയിൽ ഷിഗെല്ല, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ജൂൺ 22-ന് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 11,006 വീടുകൾ സന്ദർശിച്ച് ബോധവത്കരണവും പ്രതിരോധ നടപടികളുടെ പരിശോധനയും നടത്തി.ജലജന്യ രോഗങ്ങൾ തടയുന്നതിനായി 3,479 കിണറുകളിൽ ക്ലോറിനേഷനും 939 കുടിവെള്ള സ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷനും നടത്തി. 172 ജലസാമ്പിളുകൾ ക്ലോറോസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കുകയും 55 സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 164 അങ്കണവാടികളും 100 സ്കൂളുകളും പ്രത്യേകമായി സന്ദർശിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 13,033 ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. എലിപ്പനി പ്രതിരോധത്തിനായി 851 പേർക്ക് ഡോക്‌സിസൈക്ലിൻ ഗുളികകളും വയറിളക്ക രോഗങ്ങൾ തടയാൻ 779 ഒ.ആർ.എസ് പാക്കറ്റുകളും വിതരണം ചെയ്തു.ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഒമ്പത് പഞ്ചായത്ത് തല റാപ്പിഡ് റെസ്പോൺസ് ടീം യോഗങ്ങൾ, 204 ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ, 2,166 ബോധവത്കരണ നോട്ടീസുകളുടെ വിതരണം എന്നിവയും നടന്നു. 86 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി.അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും പരിശോധന നടത്തി. 33 വാസസ്ഥലങ്ങൾ സന്ദർശിക്കുകയും 287 തൊഴിലാളികൾക്ക് പകർച്ചവ്യാധി പരിശോധനകൾ നടത്തുകയും ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
