പനി വ്യാപനം രൂക്ഷം; ഒരുദിവസം ചികിത്സ തേടിയത് 13,539 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ദിവസം മാത്രം വിവിധ തരത്തിലുള്ള പനി ബാധിച്ച് 13,539 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ 2,734 പേരാണ് പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.ഡെങ്കിപ്പനി വ്യാപനവും തുടരുകയാണ്. ഇന്നലെ 98 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ 303 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടി. 21 പേർക്ക് എലിപ്പനിയും നാല് പേർക്ക് മലേറിയയും 10 പേർക്ക് ഷിഗെല്ല രോഗവും സ്ഥിരീകരിച്ചു.ഇതോടൊപ്പം 39 പേർക്ക് മഞ്ഞപ്പിത്തം, 109 പേർക്ക് ചിക്കൻപോക്സ്, മൂന്ന് പേർക്ക് ചിക്കൻഗുനിയ, ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരം, ഒരാൾക്ക് പേവിഷബാധ, ഒരാൾക്ക് ചെള്ളുപനി എന്നിവയും റിപ്പോർട്ട് ചെയ്തു.അതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത മൂന്ന് മരണങ്ങൾ എലിപ്പനി, പേവിഷബാധ, ചെള്ളുപനി എന്നിവ മൂലമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മഴക്കാല സാഹചര്യത്തിൽ രോഗവ്യാപനം വർധിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.ചിത്രവിവരണം:മഴക്കാലത്ത് സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം ശക്തമാകുന്നതിനിടെ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *