
കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ ഇടങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സോഷ്യൽ ഫോറസ്ട്രി ഉത്തരമേഖലയും കോഴിക്കോട് ഡിവിഷനും ചേർന്ന് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം കെ. ജയന്ത് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി മുഖ്യപ്രഭാഷണം നടത്തി.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് റോയൽ റണ്ണേഴ്‌സിന്റെ സഹകരണത്തോടെ കോഴിക്കോട് ബീച്ച് മുതൽ വരക്കൽ വരെ മിനി മാരത്തോൺ സംഘടിപ്പിച്ചു. പരിപാടി കെ. ജയന്ത് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു.ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നടന്നു. സാക്ഷരതാ മിഷൻ ഓഫീസ് വളപ്പിൽ ഫലവൃക്ഷത്തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 35 തുല്യതാ പഠന കേന്ദ്രങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യും.അതേസമയം, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബേപ്പൂർ ഫിഷറീസ് കോംപ്ലക്സിലും ഫലവൃക്ഷത്തൈകളും വിവിധ ചെടികളും നട്ടു. ഫിഷറീസ് എസ്റ്റേറ്റ് കമ്മിറ്റി ചെയർമാനും മറൈൻ എൻഫോഴ്‌സ്‌മെന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് ഗാർഡുമായ ടി.കെ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഹരിത സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലയിൽ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.
