പാരിപ്പള്ളി മേൽപാതയിൽ ഗുരുതര ആശങ്ക; വൻമതിൽ പുറത്തേക്ക് തള്ളി, നിർമാണത്തിലെ അശാസ്ത്രീയതയെന്ന് പരാതി

പാരിപ്പള്ളി: ദേശീയപാതയിൽ പാരിപ്പള്ളിയിലെ മേൽപാതയുടെ വൻമതിൽ (ആർഇ വോൾ) പുറത്തേക്ക് തള്ളിയ നിലയിൽ കണ്ടെത്തിയതോടെ നിർമാണ സുരക്ഷയെച്ചൊല്ലി ആശങ്ക ശക്തമാകുന്നു. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്കുള്ള പാതയിൽ അമൃത സ്കൂളിനും പാരിപ്പള്ളി ജംഗ്ഷനും ഇടയിലുള്ള ഭാഗത്താണ് അപകടസാധ്യതയുള്ള സ്ഥിതി നിലനിൽക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നത്.മേൽപാതയിലെ വെള്ളം ഒഴുകിപ്പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഏകദേശം 30 അടി ഉയരമുള്ള പൈപ്പുകൾ വളഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. മറ്റ് ഭാഗങ്ങളിൽ പൈപ്പുകൾ നേർരേഖയിൽ സ്ഥാപിച്ചിരിക്കുന്നതിനിടെ ഇവിടെ മാത്രം അസാധാരണമായ വളവ് പ്രകടമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത വീണ്ടും ചർച്ചയാവുകയാണ്.മേൽപാതയുടെ ആർഇ വോളിൽ ഇരുമ്പ് കമ്പികൾ തുളച്ച് കയറ്റിയിരിക്കുന്നതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കമ്പികൾ മണ്ണിലേക്ക് കുത്തിക്കയറ്റിയതുകൊണ്ട് ആവശ്യമായ ബലം ലഭിക്കില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മേൽപാതയുടെ ബലക്ഷയം പരിഹരിക്കാനോ കോൺക്രീറ്റ് സ്ലാബുകൾ ഇളകിവീഴാതിരിക്കാനോ വേണ്ടിയാണ് ഇത്തരം നടപടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.പ്രദേശത്തിന്റെ മണ്ണിന് സ്വാഭാവികമായി ബലക്ഷയം ഉള്ളതിനാൽ വിഷയത്തിൽ അടിയന്തര പരിശോധനയും സുരക്ഷാ വിലയിരുത്തലും നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിദ്യാർത്ഥികളും യാത്രക്കാരും കൂടുതലായി സഞ്ചരിക്കുന്ന മേഖലയായതിനാൽ ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *