പാറോപ്പടി റോഡ് വികസന പദ്ധതിയുടെ ഭാഗമായി പാതയോര മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

കോഴിക്കോട്: നഗരത്തിലെ പ്രധാന ഗതാഗത പാതകളിലൊന്നായ മലാപറമ്പ്–വെള്ളിമാടുകുന്ന് റോഡിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പാറോപ്പടി ഭാഗത്ത് പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടികൾ ആരംഭിച്ചു.മാനാഞ്ചിറ മുതൽ മലാപറമ്പ് വരെയുള്ള ഒന്നാംഘട്ട റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് രണ്ടാംഘട്ട പദ്ധതിയായ മലാപറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് വികസനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി റോഡ് വീതി വർധിപ്പിക്കുകയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും.നിലവിൽ പാറോപ്പടി മേഖലയിലെ പാതയോര മരങ്ങൾ നീക്കം ചെയ്യുന്നതോടെയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുന്നത്. മലാപറമ്പ്–വെള്ളിമാടുകുന്ന് മേഖലയിൽ ദിനംപ്രതി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.റോഡ് വികസനം പൂർത്തിയാകുന്നതോടെ യാത്രാസമയം കുറയുകയും നഗരത്തിലെ വടക്കൻ മേഖലകളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകുകയും ചെയ്യുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *