പാലക്കാട് പീഡനക്കേസ്: കോൺഗ്രസ് നേതാവ് പ്രശോഭ് വത്സന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി

പാലക്കാട്: ദലിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ പ്രശോഭ് വത്സൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ്‌.ഐ.ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്.കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കാത്തതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് മെയ് 27-നാണ് പ്രശോഭ് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മാർച്ച് 27-ന് ദലിത് യുവതി പാലക്കാട് ടൗൺ സൗത്ത് പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചെന്നും, ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. സംഭവം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് പാർട്ടി നേതൃത്വം പ്രശോഭിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾക്കും എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾക്കും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *