
കൊച്ചി: പൊതുസ്ഥലങ്ങളിൽ വലിയ സ്ക്രീനുകളിലും പ്രൊജക്ടറുകളിലും കായിക മത്സരങ്ങളോ മറ്റ് പ്രീമിയം ഉള്ളടക്കങ്ങളോ പ്രദർശിപ്പിക്കുന്നതിന് മുൻകൂർ ലൈസൻസ് നിർബന്ധമാണെന്ന് ZEE5 അറിയിച്ചു. പൊതുപ്രദർശനത്തിന് 25,000 രൂപയാണ് ലൈസൻസ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.ലൈസൻസില്ലാതെ പ്രദർശനം നടത്തിയാൽ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾക്ക് വലിപ്പവും സ്വഭാവവും അനുസരിച്ച് 25,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് അറിയിപ്പിൽ പറയുന്നു.വലിയ മാളുകൾ, മിഡിയം മാളുകൾ, ചെറിയ മാളുകൾ, സർക്കാർ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ, കോർപ്പറേഷനുകൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക നിരക്കുകളും പിഴകളും നിശ്ചയിച്ചിട്ടുണ്ട്. 200-ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പൊതുപ്രദർശനങ്ങൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്.ഐസിസി ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളുടെ സംപ്രേഷണാവകാശം കൈവശമുള്ള പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം പൊതുവേദികളിൽ പ്രദർശിപ്പിക്കുമ്പോൾ ബന്ധപ്പെട്ട നിയമങ്ങളും ലൈസൻസിംഗ് വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
