പ്ലസ് വൺ പ്രവേശനം 9 ജില്ലകളിൽ അധിക സീറ്റുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. വിദ്യാർത്ഥികളുടെ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് നടപടി. ആകെ ഒമ്പത് ജില്ലകളിലാണ് സീറ്റ് വർധന നടപ്പാക്കുന്നത്.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റുകൾ വർധിപ്പിച്ചു. കൂടാതെ കൊല്ലം, തൃശൂർ ജില്ലകളിലെ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ കൂട്ടാനും അനുമതി നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം നടപ്പിലാക്കിയ അതേ രീതിയിലാണ് ഇത്തവണയും അധിക സീറ്റുകൾ അനുവദിച്ചിരിക്കുന്നത്. പ്ലസ് വൺ പ്രവേശന സമയത്ത് ഉയരുന്ന സീറ്റ് ക്ഷാമവും വിദ്യാർത്ഥികളുടെ ആശങ്കയും പരിഗണിച്ചാണ് സർക്കാർ നടപടി.ഇതിന് പുറമെ, മുൻ വർഷം താൽക്കാലികമായി അനുവദിച്ചിരുന്ന 313 അധിക ബാച്ചുകളും തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതോടെ കൂടുതൽ വിദ്യാർത്ഥികൾക്ക് അടുത്തുള്ള സ്കൂളുകളിൽ തന്നെ പ്രവേശനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും.മലയോര മേഖലകളിലും വിദ്യാർത്ഥി തിരക്ക് കൂടുതലുള്ള ജില്ലകളിലും സീറ്റ് വർധന വലിയ ആശ്വാസമാകുമെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *