
ഫറോക്ക്: കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് പ്രദേശത്ത് ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. പുറ്റെക്കാട് സ്വദേശിയായ അരുൺ കുമാർ (28) ആണ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അരുണിനെ പുലർച്ചെ 12.30ഓടെ വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച ബൈക്കിലെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മർദിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കരാട്ടെ പരിശീലകരായ പുറ്റെക്കാട് കരുപറമ്പത്ത് കെ.പി. ഉജ്വൽ (28), സഹോദരൻ സായൂജ് എന്ന കുഞ്ഞാപ്പി (26) എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അരുൺ കുമാർ നൽകിയ മൊഴിയിൽ പറയുന്നത്.സംഭവത്തിൽ ഫറോക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം സംബന്ധിച്ചും പ്രതികളെ കണ്ടെത്തുന്നതിനുമായി കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
