
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ 9 മണിക്ക് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റ് അവതരിപ്പിക്കും.സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനം, വികസന പദ്ധതികൾ, തൊഴിലവസര സൃഷ്ടി, ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുമെന്നാണ് സൂചന. ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന്റെ വരുമാന വർധനയ്ക്കും ചെലവ് നിയന്ത്രണത്തിനുമായി പുതിയ നിർദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തൽ.കാർഷിക മേഖല, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഐ.ടി. മേഖലകൾക്കായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമോയെന്നത് ശ്രദ്ധേയമാണ്. കേന്ദ്ര സഹായം, സംസ്ഥാന കടബാധ്യത, ക്ഷേമ പെൻഷനുകൾ, ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളും ബജറ്റ് ചർച്ചകളിൽ പ്രധാനമാകും.ഭരണപക്ഷത്തിന്റെ വികസന കാഴ്ചപ്പാടിന്റെ ആദ്യ സാമ്പത്തിക രേഖയായ ബജറ്റിനെ രാഷ്ട്രീയ-സാമ്പത്തിക മേഖലകൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
