
കോഴിക്കോട് | 21 ജൂൺ 2026ജില്ലയിലെ രാത്രികാല തട്ടുകടകൾ, ഷവർമ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. രണ്ട് പ്രത്യേക സ്‌ക്വാഡുകളായി 84 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 36 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 22 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതോടൊപ്പം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 18 സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. കൂടാതെ ലാബ് പരിശോധനയ്ക്കായി 30 ഭക്ഷ്യസാമ്പിളുകളും ശേഖരിച്ചു.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ബി.ബി. മാത്യു അറിയിച്ചു.ഭക്ഷണം തയ്യാറാക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക, ജീവനക്കാർ വ്യക്തിഗത ശുചിത്വം പാലിക്കുക, പാകം ചെയ്ത ഭക്ഷണവും പച്ചവസ്തുക്കളും പ്രത്യേകം സൂക്ഷിക്കുക, മാലിന്യ നിർമാർജനത്തിന് അടച്ച ബിന്നുകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും വകുപ്പ് നൽകിയിട്ടുണ്ട്.
