
മലപ്പുറം : മഞ്ചേരി നെല്ലിപ്പറമ്പിൽ ടൂറിസ്റ്റ് ബസും തക്കാളി ലോഡുമായി എത്തിയ പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു.കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ നിന്ന് പാലക്കാട്ടേക്ക് ഇൻഡസ്ട്രിയൽ വിസിറ്റിനായി (IV) പോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അടിവാര ഭാഗത്ത് നിന്ന് എത്തിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ശക്തമായ ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അപകടവിവരമറിഞ്ഞ് പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വാഹനങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
