മലപ്പുറം വിഭജനമല്ല, മലബാർ കേന്ദ്രഭരണ പ്രദേശമാകണം: വിശ്വഹിന്ദു പരിഷത്ത്

മലപ്പുറം ജില്ല വിഭജിക്കുന്നതിലൂടെ മാത്രമല്ല, മലബാർ മേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതിലൂടെയാണ് യഥാർത്ഥ വികസനം സാധ്യമാകുകയെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). സംഘടനയുടെ ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയെ വികസനത്തിന്റെ പേരിൽ വിഭജിക്കണമെന്ന നിർദേശങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, മലബാറിന്റെ സമഗ്ര വികസനവും രാജ്യസുരക്ഷയും മുൻനിർത്തി കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്നാണ് വിഎച്ച്പിയുടെ നിലപാട്. കേന്ദ്രഭരണ പ്രദേശമായാൽ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ശ്രദ്ധയും കൂടുതൽ സാമ്പത്തിക സഹായവും വികസന പദ്ധതികൾക്ക് ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ദേശീയപാതകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ മുൻഗണന ലഭിക്കുമെന്നും, ഭരണനടപടികളിലെ കാലതാമസം കുറയുമെന്നും കുറിപ്പിൽ പറയുന്നു.

കൂടാതെ മലബാറിലെ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, ടൂറിസം മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തീരദേശ വികസനം, തൊഴിൽ അവസരങ്ങൾ, കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകാൻ കേന്ദ്രഭരണ പ്രദേശ പദവി സഹായകരമാകുമെന്നും വിഎച്ച്പി ചൂണ്ടിക്കാട്ടുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ, കള്ളക്കടത്ത്, കടൽവഴിയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും കുറിപ്പിൽ പരാമർശിക്കുന്നു.

സംസ്ഥാന ബജറ്റിൽ മലപ്പുറം ജില്ല വിഭജന സാധ്യത പഠിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിഎച്ച്പിയുടെ ഈ നിർദേശം. വിഷയം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *