മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത; കൊതുക് ഉറവിട നശീകരണവും വ്യക്തിശുചിത്വവും പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം

കോഴിക്കോട്: ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങൾ, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവയ്‌ക്കെതിരെ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കൊതുകുകളുടെ ഉറവിട നശീകരണമാണ് രോഗപ്രതിരോധത്തിന്റെ പ്രധാന മാർഗമെന്ന് അധികൃതർ വ്യക്തമാക്കി.വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചെടിച്ചട്ടികൾ, ഫ്രിഡ്ജ്-എസി ട്രേകൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, കുപ്പികൾ, ടയറുകൾ, മുട്ടത്തോടുകൾ, സൺഷെയ്ഡുകൾ, ടെറസുകൾ, ടാർപോളിനുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൊതുകുവല അല്ലെങ്കിൽ തുണി ഉപയോഗിച്ച് മൂടണമെന്നും നിർദേശമുണ്ട്.മലിനജലവുമായി സമ്പർക്കം പുലർത്തുന്നവർക്കും വെള്ളക്കെട്ടുകളിലും ഓടകളിലും ജോലി ചെയ്യുന്നവർക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാർ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പേശിവേദനയോടുകൂടിയ പനി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മാറുന്നില്ലെങ്കിൽ എലിപ്പനി സംശയിക്കണമെന്നും ഉടൻ ചികിത്സ തേടണമെന്നും നിർദേശമുണ്ട്.മഴക്കാലത്ത് വയറിളക്കം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളും വ്യാപിക്കാനിടയുള്ളതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. ഭക്ഷണസാധനങ്ങൾ അടച്ചുസൂക്ഷിക്കണമെന്നും പഴകിയ ഭക്ഷണം ഒഴിവാക്കണമെന്നും ആരോഗ്യപ്രവർത്തകർ ഓർമ്മിപ്പിച്ചു. വയറിളക്കം, പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെ സമീപിച്ച് ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു..

Leave a Reply

Your email address will not be published. Required fields are marked *