
കോഴിക്കോട്: നഗരത്തിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയ്ക്ക് സമീപം മൂന്ന് പോത്തിൻകുട്ടികൾ അലഞ്ഞുതിരിയുന്നതും റോഡരികിൽ തങ്ങുന്നതും യാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കരുതപ്പെടുന്ന പോത്തിൻകുട്ടികളാണ് മഴയെ തുടർന്ന് മാനാഞ്ചിറയ്ക്ക് സമീപം തങ്ങിക്കിടക്കുന്നത്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇവ റോഡിനോട് ചേർന്ന ഭാഗങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതുമൂലം ഇരുചക്ര വാഹനയാത്രികർക്കും കാൽനട യാത്രക്കാർക്കും അപകടസാധ്യത വർധിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനാഞ്ചിറയ്ക്ക് സമീപം ഇത്തരം സാഹചര്യം നിലനിൽക്കുന്നത് കോർപ്പറേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്. അപകടസാധ്യത ഒഴിവാക്കാൻ പോത്തിൻകുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനും ഉടമസ്ഥരെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
