
: മുക്കം അഗസ്ത്യൻമൂഴിയിലെ സെന്റ് ജോസഫ് സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പ്രസവവേദനയെ തുടർന്ന് ജൂൺ 13-ന് ആശുപത്രിയിലെത്തിയ ഗർഭിണിയെ അഡ്മിറ്റ് ചെയ്യാതെ തിരിച്ചയച്ചതും തുടർന്ന് ചികിത്സയിലെ വീഴ്ചയുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.ബന്ധുവായ സതീഷ് ബാബു ജാഗ്രത ന്യൂസിനോട് പ്രതികരിക്കവേ, 13-ന് ആശുപത്രിയിലെത്തിയ യുവതിയെ പ്രവേശിപ്പിക്കാതെ പറഞ്ഞയച്ചതായും ഇന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രസവം നടന്നെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചതായും പറഞ്ഞു. സംഭവത്തിൽ ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.അതേസമയം, ആശുപത്രിയുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ജൂൺ 13-ന് യുവതിയെ പരിശോധിച്ചപ്പോൾ നടത്തിയ ടെസ്റ്റുകളിൽ അസ്വാഭാവികത ഒന്നും കണ്ടെത്താനായിരുന്നില്ലെന്നും അതിനാലാണ് അഡ്മിറ്റ് ചെയ്യാതെ മടക്കിയയച്ചതെന്നും ആശുപത്രി പി.ആർ.ഒ വ്യക്തമാക്കി.കുഞ്ഞിന്റെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും തുടർ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലേ മരണകാരണം വ്യക്തമാക്കാനാകൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
