ലഹരിവിരുദ്ധ ദിനം: കോഴിക്കോട് ‘ഫൺ റൺ’; ഓപറേഷൻ തൂഫാൻ ജനകീയ മുന്നേറ്റമെന്ന് മന്ത്രി എ.പി. അനിൽകുമാർ

കോഴിക്കോട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വിമുക്തി മിഷൻ കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് റോഡിൽ സംഘടിപ്പിച്ച ‘ഫൺ റൺ’ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.കേരളത്തിൽ കുറഞ്ഞ കാലം കൊണ്ടുള്ള വലിയ ജനകീയ മുന്നേറ്റമായി ലഹരിക്കെതിരായ ഓപറേഷൻ തൂഫാൻ മാറിയതായി മന്ത്രി പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം ഒരുദിവസത്തെ പരിപാടിയായി ഒതുങ്ങുന്നതല്ലെന്നും, ഉറവിടം മുതൽ അവസാന കണ്ണിവരെ എത്തുന്ന അന്വേഷണത്തിലൂടെ ലഹരി ശൃംഖല ഇല്ലാതാക്കാനുള്ള ശ്രമമാണ് ഓപറേഷൻ തൂഫാനിലൂടെ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ അഡ്വ. കെ. ജയന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫൺ റണ്ണിനുള്ള ജഴ്സിയുടെ പ്രകാശനം മേയർ ഒ. സദാശിവൻ നിർവഹിച്ചു.സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി, നോർത്ത് സോൺ ജോയിന്റ് എക്സൈസ് കമ്മീഷണർ കെ. ഗോപകുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ്, കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഫസീൽ അഹമ്മദ് എന്നിവർ സംസാരിച്ചു.കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസ് സെല്ലിന്റെ സഹകരണത്തോടെ നടന്ന ഫൺ റണ്ണിൽ ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ, എക്സൈസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *