ശുചിമുറിയിൽ ഒളിക്യാമറ; പ്രിന്റിംഗ് പ്രസ് ഉടമ അറസ്റ്റിൽ

തിരുവനന്തപുരം: ശ്രീകാര്യത്തെ ഒരു പ്രിന്റിംഗ് പ്രസ്സിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ജീവനക്കാരിയായ യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ പ്രസ് ഉടമ അറസ്റ്റിൽ. ശ്രീകാര്യം സ്വദേശിയായ രാഹുൽ പി. അശോകിനെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.ശ്രീകാര്യത്തുള്ള പ്രസ്സിലെ ശുചിമുറിയിൽ അതിവിദഗ്ദ്ധമായ രീതിയിലായിരുന്നു ഒളിക്യാമറ സ്ഥാപിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ശുചിമുറിയിൽ പ്രവേശിച്ചപ്പോഴാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യുവതി ഉടൻ തന്നെ ശ്രീകാര്യം പോലീസിൽ പരാതി നൽകുകയായിരുന്നു.പരാതി നൽകിയ വിവരം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഇയാൾ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു.തുടർന്ന് ശ്രീകാര്യം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *