
സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനുടെ മകള്‍ വീണയുടെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു.
എച്ച്.ഡി.എഫ്‍.സി ബാങ്കിലെ അക്കൗണ്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചത്.ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. വീണ വിജയന്റെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.സി.എം.ആര്‍.എല്ല്-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായും ഇ.ഡി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പരിശോധനയില്‍ വിവിധ രേഖകള്‍, അക്കൗണ്ട് വിവരങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപ രേഖകള്‍, ബാങ്ക് എഫ്.ഡി രേഖകള്‍ എന്നിവ കണ്ടെത്തിയതായും ഇ.ഡി വ്യക്തമാക്കി.കണ്ടെത്തിയ തെളിവുകള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും സി.എം.ആര്‍.എല്ലില്‍ നിന്നും പണം കൈപ്പറ്റിയതായി സംശയിക്കുന്ന മറ്റ് വ്യക്തികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും ഇ.ഡി അറിയിച്ചു.
