
തിരുവനന്തപുരം: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇനി മുതൽ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് 500 രൂപ പിഴ ചുമത്തുന്നതിനൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും.ലൈസൻസ് തിരിച്ചുപിടിക്കാൻ എംവിഡി നടത്തുന്ന ഒരു ദിവസത്തെ പരിശീലന ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണം. സുരക്ഷിത ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ.കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ടെങ്കിലും, വിവിധ കുറ്റങ്ങൾക്ക് നൽകേണ്ട സസ്പെൻഷൻ കാലാവധിയും പരിശീലനവും സംബന്ധിച്ച് സംസ്ഥാനത്ത് വ്യക്തമായ മാനദണ്ഡങ്ങൾ നിലവിലുണ്ടായിരുന്നില്ല. ഇത് പരിഹരിക്കുന്നതിനായാണ് വിവിധ നിയമലംഘനങ്ങളെ 13 വിഭാഗങ്ങളായി തിരിച്ച് ശിക്ഷാകാലാവധിയും പരിശീലനവും നിശ്ചയിച്ചുകൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കിയത്.പ്രധാന ശിക്ഷാ നടപടികൾ🔹 ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ – 500 രൂപ പിഴ, 3 മാസത്തെ ലൈസൻസ് സസ്പെൻഷൻ, 1 ദിവസത്തെ പരിശീലന ക്ലാസ്.🔹 മദ്യപിച്ചോ അലക്ഷ്യമായോ വാഹനമോടിച്ച് ആളപായമുണ്ടാക്കിയാൽ – 1 വർഷത്തെ ലൈസൻസ് സസ്പെൻഷൻ, 5 ദിവസത്തെ പരിശീലനം.🔹 മദ്യപിച്ചോ അലക്ഷ്യമായോ വാഹനമോടിച്ച് ഗുരുതര പരിക്കിന് ഇടയാക്കിയാൽ – 6 മാസത്തെ സസ്പെൻഷൻ, 5 ദിവസത്തെ ക്ലാസ്.🔹 മദ്യപിച്ച് വാഹനമോടിക്കൽ, മത്സരയോട്ടം, അപകടകരമായ ഡ്രൈവിങ്, സാങ്കേതിക തകരാറുള്ള വാഹനം നിരത്തിലിറക്കൽ – 6 മാസത്തെ സസ്പെൻഷൻ, 3 ദിവസത്തെ ക്ലാസ്.🔹 ആംബുലൻസ്, അഗ്നിശമന വാഹനങ്ങൾ എന്നിവയുടെ യാത്ര തടസപ്പെടുത്തൽ – 6 മാസത്തെ ലൈസൻസ് സസ്പെൻഷൻ, 1 ദിവസത്തെ ക്ലാസ്.🔹 അമിതവേഗം, അമിതഭാരം കയറ്റൽ – 3 മാസത്തെ ലൈസൻസ് സസ്പെൻഷൻ.🔹 വേഗപരിധി ലംഘിക്കുന്നവർക്ക് – 3 ദിവസത്തെ പരിശീലന ക്ലാസ്.റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറയ്ക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ കർശന നിയമങ്ങൾ നടപ്പാക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
