
വയനാട്: കരടി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നൂൽപ്പുഴ പൊൻകുഴി കാട്ടുനായിക്ക ഉന്നതിയിലെ പി.വി. ധനീഷ് (19) നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ധനീഷ് നിലവിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജ് മാനന്തവാടി യിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഉന്നതിക്ക് സമീപമുള്ള വനമേഖലയിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കരടിയുടെ ആക്രമണം. ആക്രമണത്തിൽ ധനീഷിന്റെ കാലിൽ കരടിയുടെ കടിയേറ്റതായി ബന്ധുക്കൾ അറിയിച്ചു.
പരിക്കേറ്റ ധനീഷിനെ ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വന്യമൃഗ ശല്യം പ്രദേശത്ത് വർധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
