
ട്രാഫിക് ക്യാമറകളിലൂടെയോ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരിലൂടെയോ ലഭിക്കുന്ന പിഴകൾ ഇനി അവഗണിക്കുന്നത് വാഹന ഉടമകൾക്ക് വലിയ തിരിച്ചടിയാകും. കേന്ദ്ര സർക്കാരിന്റെ പുതിയ ‘നെക്സ്റ്റ് ജനറേഷൻ ഇ-ചെലാൻ’ പോർട്ടൽ സംസ്ഥാനത്ത് നടപ്പിലാകുന്നതോടെ പിഴ കുടിശ്ശികക്കാർക്കെതിരെ കർശന നടപടി ഉറപ്പാകും.ചെലാൻ ലഭിച്ച് 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ, വാഹന നികുതി അടയ്ക്കൽ ഒഴികെയുള്ള മിക്ക ആർ.ടി.ഒ സേവനങ്ങളും സ്വയമേവ തടയപ്പെടും. ലൈസൻസ് പുതുക്കൽ വാഹന ഉടമസ്ഥാവകാശം മാറ്റൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ പെർമിറ്റ് അനുവദിക്കൽഎന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കാതെ വരും. തെറ്റായ പിഴയാണെന്ന് തോന്നുന്നവർക്ക് 45 ദിവസത്തിനകം ഓൺലൈനായി പരാതി നൽകാം. പരാതിയിൽ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകും. പരാതി തള്ളിയാൽ കോടതിയെ സമീപിക്കാമെങ്കിലും പിഴത്തുകയുടെ 50 ശതമാനം മുൻകൂർ അടയ്ക്കേണ്ടിവരും. നിശ്ചിത സമയപരിധിക്കുള്ളിൽ പിഴ അടയ്ക്കുകയോ പരാതി നൽകുകയോ ചെയ്യാത്തവർ കുറ്റം സമ്മതിച്ചതായി സിസ്റ്റം കണക്കാക്കും.ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കാനും കുടിശ്ശിക പിഴകൾ വേഗത്തിൽ ഈടാക്കാനുമുള്ള വലിയ പരിഷ്കാരമായാണ് പുതിയ സംവിധാനം വിലയിരുത്തപ്പെടുന്നത്.
