
കുറ്റ്യാടി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സർക്കിളിൽ നടത്തിയ വ്യാപക പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചു. ആയഞ്ചേരി പഞ്ചായത്തിലും കുറ്റ്യാടി പഞ്ചായത്തിലും നടത്തിയ 18 പരിശോധനകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനായി കോമ്പൗണ്ടിങ് നോട്ടീസ് നൽകി. ചെറിയ ന്യൂനതകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസും നൽകി. ഒരു സ്ഥാപനത്തിനെതിരെ അഡ്ജുഡിക്കേഷൻ കേസ് ഫയൽ ചെയ്യുന്നതിനായി ശുപാർശയും സമർപ്പിച്ചിട്ടുണ്ട്.ഗുരുതരമായ ഭക്ഷ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് നാനോ തട്ടുകട, ഒലിവ് കാറ്ററിങ്ങിന്റെ ഷവർമ യൂണിറ്റ് എന്നിവ അടച്ചുപൂട്ടി. പരിശോധനയിൽ മനുഷ്യജീവന് ഹാനികരമാകുന്ന രീതിയിൽ സൂക്ഷിച്ചിരുന്ന 8 കിലോ പൊറോട്ട മാവ്, 2 കിലോ ഇറച്ചി, 6 കിലോ ഉപയോഗശൂന്യമായ എണ്ണക്കടികൾ, 5 കിലോ അരിമാവ് എന്നിവ പിടിച്ചെടുത്ത് വ്യാപാരിയുടെ ഉത്തരവാദിത്തത്തിൽ നശിപ്പിച്ചു.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
#FoodSafety #Kuttiady #Ayanjeri #ShawarmaUnit #KozhikodeNews #FoodSafetyDepartment
