
സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം വർധിപ്പിക്കുന്നതിനായി വനംവകുപ്പിന്റെ ‘സർപ്പപാഠം’ പദ്ധതി കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ അധ്യയന വർഷം ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളിലെത്തിയ പദ്ധതി ഈ വർഷം മൂന്ന് ലക്ഷം കുട്ടികളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.പ്രത്യേക പരിശീലനം ലഭിച്ച 100 സർപ്പ എഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ സ്കൂളുകളിലും കോളേജുകളിലും നേരിട്ടും ഓൺലൈനായും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. പാമ്പുകളുടെ ഇനം തിരിച്ചറിയൽ, പാമ്പുകടിയേറ്റാൽ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ, പാമ്പുകളെ അകറ്റി നിർത്താനുള്ള മാർഗങ്ങൾ, സുരക്ഷിത രക്ഷാപ്രവർത്തനങ്ങൾ എന്നിവയാണ് ക്ലാസുകളുടെ പ്രധാന വിഷയങ്ങൾ.പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ശാസ്ത്രീയ അറിവ് സമൂഹത്തിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ യൂണിറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവിടങ്ങളിലും ബോധവത്കരണ പരിപാടികൾ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു.സ്കൂൾ പരിസരങ്ങളിലെ വിദ്യാർത്ഥി സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രത്യേക പരിശോധനകളും നടത്തിയിട്ടുണ്ട്. പാമ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നിർദേശവും ഇപ്പോഴും പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
#SarppaPadham #SnakeAwareness #KeralaForestDepartment #Kozhikode #EducationNews #Kerala #MalabarJagrathaNewsLive
