വടകര ‘കാഫിർ’ കേസ്: ആദ്യ അറസ്റ്റ്; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കർ കസ്റ്റഡിയിൽ.

‘വടകര ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കറെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തത്.വ്യാജ സ്ക്രീൻഷോട്ട് സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ജിതിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തുടർന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകളും മറ്റ് വിവരങ്ങളും അടിസ്ഥാനമാക്കിയാണ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയതെന്നാണ് വിവരം.യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് അനുകൂലമായി വോട്ട് അഭ്യർത്ഥിക്കുന്ന തരത്തിൽ പി.കെ. കാസിമിന്റെ പേരിൽ വ്യാജ സന്ദേശം തയ്യാറാക്കി പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കെ.കെ. ശൈലജയെ ലക്ഷ്യമിട്ട് വർഗീയ പരാമർശങ്ങൾ ഉൾപ്പെടുത്തിയ സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.ഹൈക്കോടതി നിരീക്ഷണത്തിലുള്ള കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയതോടെ അന്വേഷണത്തിന് പുതിയ ദിശ ലഭിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ പേരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *