വിദ്യാർഥികളെ ബസിൽ കയറ്റാതെ തടഞ്ഞ സംഭവം; സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ്

വടക്കാഞ്ചേരി: സ്കൂൾ വിദ്യാർഥികളെ ബസിൽ കയറാൻ അനുവദിക്കാതെ തടഞ്ഞ സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കർശന നടപടി. വടക്കാഞ്ചേരി–കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയമോൾ ബസിലെ കണ്ടക്ടർ രാമദാസിന്റെ ലൈസൻസാണ് ജോയിന്റ് ആർടിഒ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് കണ്ടക്ടർ നിർബന്ധിത ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും ബസ് പെർമിറ്റ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ക്ലേലിയ ബാർബിയേറി ഹോളി ഏയ്ഞ്ചൽസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ സ്പെഷ്യൽ ക്ലാസിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാൻഡിലെത്തിയിരുന്നു. ബസിൽ കയറാൻ ശ്രമിച്ച വിദ്യാർഥികളെ കണ്ടക്ടർ ആദ്യം തടയുകയും ബസ് പുറപ്പെടുമ്പോൾ കയറിയാൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു.തുടർന്ന് ബസിനരികിൽ കാത്തുനിന്ന വിദ്യാർഥികളിൽ ചിലരെ മാത്രം ബസിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ തടയുകയും ചെയ്തതായി പരാതിയുണ്ട്. ബസ് പുറപ്പെടുന്നതിന് മുമ്പ് ഒരു വിദ്യാർഥി കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറാൻ അനുവാദം നൽകിയില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.സംഭവം സമീപത്തുണ്ടായിരുന്ന ഒരാൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വ്യാപക പ്രതിഷേധമുയർന്നത്. വീഡിയോ വൈറലായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയായിരുന്നു.വിദ്യാർഥികളോട് മാനുഷിക സമീപനം പുലർത്തേണ്ടതിന്റെ ആവശ്യകത വീണ്ടും ചർച്ചയാകുന്ന സംഭവമാണിതെന്ന് പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *