
സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളും കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് അനുവദിച്ച സൗജന്യ യാത്രാ പദ്ധതിയും കേരളത്തിലെ സ്വകാര്യ ബസ് മേഖലയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി ബസ് ഉടമകൾ. നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് യഥാർത്ഥ സാമ്പത്തിക ഭാരം കുറയ്ക്കാൻ പര്യാപ്തമല്ലെന്നാണ് അവരുടെ ആരോപണം.ബജറ്റിൽ സ്വകാര്യ ബസുകളുടെ നികുതി പകുതിയായി കുറച്ചതായി സർക്കാർ പ്രഖ്യാപിച്ചെങ്കിലും, ഒരു ശരാശരി ബസിന് പ്രതിദിനം ലഭിക്കുന്ന ലാഭം വെറും 106 മുതൽ 142 രൂപ വരെയാണെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. മറുവശത്ത് ഡീസൽ വിലവർധനയും അധിക സെസും മൂലം ഒരു ബസിന് ദിവസം 640 രൂപയിലധികം അധിക ചെലവ് വരുന്നുണ്ടെന്നും അവർ പറയുന്നു.അതേസമയം, കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതി സ്വകാര്യ ബസുകളുടെ വരുമാനത്തെ വലിയ തോതിൽ ബാധിച്ചുവെന്നാണ് ബസ് ഉടമകളുടെ വിലയിരുത്തൽ. മുമ്പ് സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ 70 ശതമാനത്തോളം സ്ത്രീകളായിരുന്നുവെന്നും, ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസിനായി കാത്തുനിൽക്കുന്ന പ്രവണത വർധിച്ചതോടെ പ്രതിദിന കളക്ഷനിൽ 40 മുതൽ 50 ശതമാനം വരെ കുറവുണ്ടായെന്നും അവർ അവകാശപ്പെടുന്നു. ഇത് ഏകദേശം 4,000 മുതൽ 5,000 രൂപ വരെയുള്ള വരുമാന നഷ്ടത്തിന് കാരണമായെന്നാണ് കണക്ക്.പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട ബസ് ഉടമകൾ പുതിയൊരു നിർദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിൽ നടപ്പാക്കുന്ന മാതൃകയിൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനും, നൽകുന്ന ‘സീറോ ടിക്കറ്റുകളുടെ’ തുക സർക്കാർ തിരിച്ചുനൽകാനുമാണ് ആവശ്യം.വടക്കൻ കേരളത്തിലെ പല മേഖലകളിലും കെ.എസ്.ആർ.ടി.സി സർവീസുകൾ പരിമിതമായതിനാൽ അവിടെയുള്ള സ്ത്രീകൾക്ക് സൗജന്യ യാത്രയുടെ ആനുകൂല്യം പൂർണമായി ലഭിക്കുന്നില്ലെന്നും, സ്വകാര്യ ബസുകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ എല്ലാ സ്ത്രീകൾക്കും ഒരേപോലെ ഗുണം ലഭിക്കുമെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.നിലവിലെ നികുതി കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെ, സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ ജൂലൈ 1 മുതൽ മുന്നറിയിപ്പില്ലാതെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ബസ് ഉടമ സംഘടനകൾ മുന്നറിയിപ്പ് നൽകി.സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ബസ് ഉടമകളുടെ നിർദ്ദേശം ഗതാഗത മേഖലയിലും പൊതുസമൂഹത്തിലും ചർച്ചയാകുകയാണ്. സർക്കാർ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്.
