കൊട്ടാരക്കര അപകടത്തിൽ ഗുരുതര നിയമലംഘനങ്ങൾ പുറത്ത്; ഡ്രൈവർക്ക് ടിപ്പർ ഓടിക്കാൻ ലൈസൻസില്ല

കൊല്ലം: കൊട്ടാരക്കരയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. അപകടത്തിൽപ്പെട്ട ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹെവി വാഹനമായ ടിപ്പർ ഓടിക്കാനുള്ള സാധുവായ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.ചവറ സ്വദേശിയായ ഡ്രൈവർ നിസാം ഒരു മാസം മുൻപാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. അപകടത്തിൽപ്പെട്ട 16 വർഷം പഴക്കമുള്ള ടിപ്പർ ലോറി മുൻപ് നിരവധി തവണ നിയമലംഘനങ്ങൾക്ക് പിടിയിലായിട്ടുള്ളതായും കണ്ടെത്തി. വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നുവെന്നതും അന്വേഷണത്തിൽ വ്യക്തമായി.അമിതവേഗമാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയ നിലയിലായിരുന്നുവെന്ന് ആർ.ടി.ഒ അറിയിച്ചു. കൃത്യമായ പരിശോധനയും മേൽനോട്ടവും ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചു.സംഭവസ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസ് എത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *