
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ . തന്നെ തേജോവധം ചെയ്യാൻ ശ്രമിക്കുകയാണെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ V. ശിവൻകുട്ടി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആര്യ പ്രതികരിച്ചു.തിരഞ്ഞെടുപ്പ് സമയത്ത് ആര്യ പ്രചാരണത്തിനിറങ്ങിയത് ചില ബൂത്തുകളിൽ വോട്ട് കുറയാൻ കാരണമായെന്ന വിമർശനമാണ് വി. ശിവൻകുട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ ഉന്നയിച്ചതെന്ന് റിപ്പോർട്ടുകൾ. സ്ത്രീകൾ അടക്കമുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചുവെന്നും, 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച ബൂത്തിൽ വെറും അഞ്ചു വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം വിമർശിച്ചതായാണ് വിവരം.ഇതിന് പിന്നാലെയാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം. തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്നും പാർട്ടിക്കുള്ളിൽ തന്നെ അപമാനിക്കാൻ ശ്രമമുണ്ടെന്നും ആര്യ ആരോപിച്ചു. വിഷയത്തിൽ പാർട്ടി നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകുമോയെന്നത് ശ്രദ്ധേയമാകുകയാണ്.
