
പന്തീരങ്കാവ്: ദേശീയപാത 66-ലെ കൂടത്തുംപാറ ടോൾ പ്ലാസ പ്രവർത്തനം ആരംഭിച്ചതോടെ വാഹനങ്ങളുടെ ഒഴുക്ക് കൂടത്തുംപാറ–പന്തീരങ്കാവ് റോഡിലേക്ക് വർധിച്ചിരിക്കുകയാണ്. എന്നാൽ മഴയെ തുടർന്ന് റോഡ് തകർന്നു വലിയ കുഴികൾ രൂപപ്പെട്ടത് യാത്രക്കാരെയും വാഹനയാത്രയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.കൂടത്തുംപാറ അങ്ങാടിക്ക് സമീപം രൂപപ്പെട്ട വലിയ കുഴിയിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ കുടുങ്ങുന്നത്. പ്രത്യേകിച്ച് ടോൾ ഒഴിവാക്കി ഈ വഴിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കുഴിയിൽ വാഹനങ്ങൾ കുടുങ്ങുന്നതോടെ ഗതാഗതം തടസപ്പെടുകയും നീണ്ട വാഹനനിര രൂപപ്പെടുകയും ചെയ്യുന്നു.വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റുന്നതിനും തള്ളിക്കയറ്റുന്നതിനും നാട്ടുകാർ തന്നെ പലപ്പോഴും സഹായത്തിനെത്തേണ്ടി വരുന്നു. ദിവസേന സമാന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാകുകയാണ്.റോഡിലെ കുഴി അടച്ച് താൽക്കാലിക പരിഹാരമെങ്കിലും കാണാൻ അധികൃതർ തയ്യാറാകാത്തതിൽ നാട്ടുകാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. അപകടസാധ്യത വർധിക്കുന്നതിന് മുമ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
