മഞ്ചേരിയിൽ 16.335 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പിന്തുടർച്ചയിൽ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ കീഴടക്കി.

മഞ്ചേരി: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യാനെത്തിച്ച 16.335 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ മഞ്ചേരി ടൗണിൽ നിന്ന് പോലീസ് പിടികൂടി. മേലാറ്റൂർ എപ്പിക്കാട് സ്വദേശി തയ്യിൽ വീട്ടിൽ നിഹാൽ മുഹമ്മദാണ് അറസ്റ്റിലായത്.ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും മഞ്ചേരി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെയാണ് പ്രതി കുടുങ്ങിയത്. പോലീസ് വാഹനം പിന്തുടരുന്നതായി മനസ്സിലാക്കിയ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടാവസ്ഥ സൃഷ്ടിച്ചതായി പോലീസ് അറിയിച്ചു.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് 16.335 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.കഞ്ചാവ് മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന ശൃംഖലയെക്കുറിച്ചും പ്രതിയെ സഹായിച്ച മറ്റ് ആളുകളെക്കുറിച്ചും അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *