ലഹരി സംഘത്തെ ചോദ്യംചെയ്ത മദ്റസാ അധ്യാപകനെ ക്രൂരമായി മർദിച്ചു; അക്രമികൾ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് | അജാനൂർ കടപ്പുറം പാലായിൽ ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്റസാ അധ്യാപകനെ രണ്ടംഗ സംഘം ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ അജാനൂർ പാലായിലെ ഇൻസാഫ് യമാനി (29)യ്ക്കാണ് പരിക്കേറ്റത്. ഇയാളെ അജാനൂർ മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. മുട്ടുന്തല പള്ളിയിലെ ചടങ്ങിൽ പങ്കെടുക്കാൻ നടന്നുപോകുന്നതിനിടെയാണ് ഇൻസാഫ് സംഭവം ശ്രദ്ധിച്ചത്. പാലായിലെ ഒരു വീട്ടിൽ രണ്ടുപേർ വാതിലിൽ തട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും യുവാവിനെ ബലമായി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതായാണ് വിവരം.ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് അക്രമികൾ ഇൻസാഫിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതായി പറയുന്നു. തങ്ങൾ ലഹരിമരുന്ന് വിതരണക്കാരാണെന്നും പിടികൂടാൻ ശ്രമിച്ചാൽ ഭീഷണി നേരിടേണ്ടിവരുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായും നാട്ടുകാർ ആരോപിക്കുന്നു.സ്ഥലത്തെത്തിയ നാട്ടുകാർക്കുമുന്പേ പ്രതികൾ രക്ഷപ്പെട്ടു. ഇട്ടമ്മൽ ഭാഗത്തുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രദേശവാസികളുടെ ആരോപണം.കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇൻസാഫ് യമാനി ട്രോമാ കെയർ വളണ്ടിയറുമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *