
ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിൽ ആയിരക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളം നൽകേണ്ട ഒരു പൊതുകിണർ പരിപാലനക്കുറവിനെ തുടർന്ന് കാടുപിടിച്ച് നശിക്കുന്ന അവസ്ഥയിലെത്തിയതായി പരാതി.ഷിഗല്ല, അമേബിക് ഡിസെൻട്രി, മഞ്ഞപ്പിത്തം എന്നിവ ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലുമാണ് ശുദ്ധജല ഉറവിടം ഇത്തരത്തിൽ അവഗണിക്കപ്പെടുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്.കിണറിന് ചുറ്റുമതിലും അടിസ്ഥാന സൗകര്യങ്ങളും ഇപ്പോഴും ശക്തമായ നിലയിലാണ്. എന്നാൽ പരിപാലനക്കുറവിനെ തുടർന്ന് കിണറിന്റെ ഉള്ളിലും പരിസരത്തും കാട്, പടൽ തുടങ്ങിയവ വളർന്ന് ജലസ്രോതസ്സ് ഉപയോഗശൂന്യമായ നിലയിലേക്ക് നീങ്ങുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.പ്രദേശവാസികൾ തന്നെ ചില സമയങ്ങളിൽ കാടുകൾ വെട്ടിത്തെളിച്ചാണ് കിണർ ഉപയോഗയോഗ്യമാക്കാൻ ശ്രമിക്കുന്നതെന്നും, സ്ഥിരമായ പരിപാലനത്തിനും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.ജനാരോഗ്യത്തിന് നേരിട്ട് ബാധകമായ വിഷയമായതിനാൽ അധികൃതർ ഉടൻ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
