പട്രോളിങ്ങിനിടെ കാറിടിച്ച് അപകടം: ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

കാഞ്ഞങ്ങാട്: ദേശീയപാതയിൽ ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒ സൂരജിന്റെ (32) രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശസ്ത്രക്രിയ നടത്തിയത്. 70 ശതമാനത്തിലേറെ പരുക്കേറ്റ കാലിൽ നിരവധി ശസ്ത്രക്രിയകൾ നടത്തിയെങ്കിലും രക്ഷിക്കാനാകാത്തതിനാലാണ് മുറിച്ചുമാറ്റേണ്ടിവന്നത്.അതേ അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഒ അലോഷ്യസിന്റെ ഒരു കാലും നേരത്തെ മുറിച്ചുമാറ്റിയിരുന്നു.ഐങ്ങോത്ത് ദേശീയപാതയിൽ അപകടസാധ്യത സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന ലോറികൾ മാറ്റാൻ നിർദേശം നൽകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈ സമയത്ത് കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂരിലേക്ക് പോയ അമിതവേഗ കാർ പൊലീസ് ഉദ്യോഗസ്ഥരെ ഇടിച്ചശേഷം പൊലീസ് ജീപ്പിൽ ഇടിച്ചുനിന്നു. ഇതോടെ ഉദ്യോഗസ്ഥർ ജീപ്പിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പൊലീസ് അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *