
പാലക്കാട്: കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വിളത്തുംപടി സ്വദേശി അഷ്റഫ് (42) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച നിലയിൽ ഓട്ടോ ഓടിച്ച ഡ്രൈവർ സുനിൽ കാറിൽ ഇടിച്ച ശേഷം നിർത്താതെ പോയ സംഭവത്തെ തുടർന്ന് നാട്ടുകാർ ഓട്ടോ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഓട്ടോയിൽ യാത്രക്കാരായിരുന്ന അഷ്റഫും സഹോദരൻ മുസ്തഫയും അന്ന് വാഹനത്തിലുണ്ടായിരുന്നു.ഡ്രൈവർക്ക് ലൈസൻസും മറ്റ് രേഖകളും ഇല്ലാതിരുന്നതിനാൽ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ആവശ്യമായ രേഖകൾ ഹാജരാക്കാൻ മൂവരോടും നിർദേശിക്കുകയും ചെയ്തു. എന്നാൽ അഷ്റഫും മുസ്തഫയും ഓട്ടോയിൽ തന്നെ തുടരുകയായിരുന്നുവെന്നാണ് വിവരം. ഇത് പൊലീസ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.ചൊവ്വാഴ്ച രാവിലെ പൊലീസ് ഓട്ടോ പരിശോധിക്കുന്നതിനിടെയാണ് അഷ്റഫിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. സഹോദരൻ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
